ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Thursday, 21 August 2014

തെരഞ്ഞെടുപ്പ് എന്ന പാഠപുസ്തകം
സമയം രാവിലെ പതിനൊന്നര.
പോളിങ്ങ് ഉദ്യോഗസ്ഥരെല്ലാം പോളിങ്ങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന ഹാളിനുമുന്നില്‍ വരിവരിയായി നിന്നിട്ടുണ്ട്.ഓരോ ബൂത്തിലെയും പ്രിസൈഡിങ്ങ് ഓഫിസര്‍മാര്‍ അതാതു ബൂത്തിലെ മറ്റു ഉദ്യോഗസ്ഥന്‍മാരെ കണ്ടെത്തി സംഘമായിട്ടാണ് നില്‍പ്പ്.മൂന്നാം ക്ലാസുമുതല്‍ ഏഴാം ക്ലാസുവരെയുള്ള കുട്ടികള്‍ ഓരോ സംഘത്തിലുമുണ്ട്.ആകെ അഞ്ചുപേര്‍.
മൈക്കിലൂടെ അറിയിപ്പ് വന്നു.

"മൂന്നാം ക്ലാസിലെ നയന ഇതുവരെയും എത്തിച്ചേര്‍ന്നിട്ടില്ല.നയന എത്രയും പെട്ടെന്ന് ബൂത്ത് നമ്പര്‍ അഞ്ചിലെ പ്രിസൈഡിങ്ങ് ഓഫീസറുമായി ബന്ധപ്പെടുക.”

നയന എവിടേനിന്നോ ഓടി വന്നു. അവളുടെ മുഖത്ത് പരിഭ്രമം.അവള്‍ ബൂത്ത് നമ്പര്‍ നാലിലെ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ചേര്‍ന്നു. പ്രിസൈഡിങ്ങ് ഓഫിസര്‍ അവളെ ശകാരിക്കുന്നതു കണ്ടു.
ഓരോ സംഘവും കൗണ്ടറില്‍ നിന്നും പോളിങ്ങ് സാമഗ്രികള്‍ ശേഖരിച്ചു.
പ്രിസൈഡിങ്ങ് ഓഫിസര്‍ ഒപ്പിട്ടു നല്‍കി.ദൂരെ മാറിയിരുന്ന് പോളിങ്ങ് സാമഗ്രികള്‍ പട്ടികയുമായി ഒത്തുനോക്കി പരിശോധിച്ചു.ബാലറ്റ് പെട്ടി,ക്യാരറ്റ് സീല്‍,സീല്‍ പാഡ്,ഇന്‍ഡജിബ്ള്‍ ഇന്‍ക്,സ്ക്കൂള്‍ ലീഡര്‍,ക്ലാസ് ലീഡര്‍,പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികളുടെ ബാലറ്റ് പേപ്പര്‍,വോട്ടര്‍ പട്ടിക,വോട്ടേര്‍സ് സ്ലിപ്പ്,വേസ്റ്റ് പേപ്പര്‍,ഈര്‍ക്കില്‍ കഷണം....
പോളിങ്ങ് സാമഗ്രികള്‍ സൂക്ഷ്മപരിശോധന നടത്തി ഏതെങ്കിലും വസ്തുക്കള്‍ കുറവുണ്ടെങ്കില്‍ ഉടന്‍ കൗണ്ടറിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിക്കണമെന്ന് മൈക്കിലൂടെ അറിയിപ്പ് വന്നു.പോളിങ്ങ് ഓഫീസര്‍മാര്‍ ഒരിക്കല്‍കൂടി തങ്ങളുടെ സാമഗ്രികള്‍ പരിശോധിച്ചു.ഒന്നും കുറവില്ല.എല്ലാം ഭദ്രം.ഓരോ ബൂത്തിലും ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട പോലീസുകാരുടെ അകമ്പടിയോടെ സംഘം ബൂത്തിലേക്കു നടന്നു നീങ്ങി.

പോളിങ്ങ് ഉദ്യോഗസ്ഥര്‍ നല്ല ആത്മവിശ്വാസത്തോടെയാണ് ബൂത്തിലേക്ക് പോകുന്നത്.ബൂത്തില്‍ തങ്ങളുടെ ഡ്യൂട്ടി എന്താണെന്ന് ഓരോരുത്തര്‍ക്കും നന്നായി അറിയാം.കാരണം ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് കിട്ടിയിരുന്നു.ഓരോ നമ്പറുകാരുടേയും ഡ്യൂട്ടി എന്താണെന്നതിനെക്കുറിച്ചുള്ള വിശദമായ ക്ലാസ്.സോഷ്യല്‍ ക്ലബ്ബ് കണ്‍വീനര്‍മാരായ അതുല്‍ ചന്ദ്രനും സ്വാതിയും ചേര്‍ന്നായിരുന്നു ക്ലാസ് എടുത്തത്.ഇവരായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍.ക്ലാസ് കഴിഞ്ഞപ്പോള്‍ ഐഫൂന എന്റെ അടുത്ത് വന്നു പറഞ്ഞു.
"മാഷേ,ക്ലാസ് ജോറായി.ബൂത്തിലെത്തിയാല്‍ എന്തു ചെയ്യണമെന്നത് ഇപ്പോഴാണ് ശരിക്കുമനസ്സിലായത്.”
തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദവിവരങ്ങള്‍ വോട്ടര്‍മാരെ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനമുണ്ടായിരുന്നു.ഓരോ ക്ലാസില്‍ നിന്നും ആ ആഴ്ച പത്രം തയ്യാറാക്കേണ്ട പത്രക്കാരുടെ ഗ്രൂപ്പായിരുന്നു അതില്‍ പങ്കെടുത്തത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം,പ്രചരണസമയത്ത് പാലിക്കേണ്ട മര്യാദകള്‍,ബാലറ്റു പേപ്പറിന്റെ മാതൃക,ഓരോ ക്ലാസിലേയും സ്ഥാനാര്‍ത്ഥികളുടെ എണ്ണം, വോട്ടു ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങളൊക്കെ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയുണ്ടായി.അടുത്ത ദിവസത്തിലെ പത്രത്തിലെ പ്രധാനവാര്‍ത്തകള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതായിരുന്നു.
പത്രവാര്‍ത്ത വായിച്ച് അഞ്ചാം ക്ലാസിലെ മാളവിക എന്റെ അടുത്തുവന്ന് ചോദിച്ചു.
"മാഷേ,ഈ ബാലറ്റുപേപ്പര്‍ എന്നുവച്ചാലെന്താ?”
"വോട്ടുചെയ്യുന്ന കടലാസ്.അതില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും കാണും.നമുക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനുമുകളില്‍ സീലുചെയ്യണം.എങ്ങനെയാണ് വോട്ടുചെയ്യേണ്ടത് എന്നൊക്ക പിന്നീട് സ്ഥാനാര്‍ത്ഥികള്‍ വന്ന് നിങ്ങള്‍ക്ക് കാണിച്ചുതരും.”
ഞാന്‍ വിശദീകരിച്ചുകൊടുത്തു.അവള്‍ക്ക് സമാധാനമായി.

പോളിങ്ങ് ആരംഭിച്ചു.ഓരോ ബൂത്തിനുമുന്നിലും കുട്ടികളുടെ നീണ്ട ക്യൂ.എല്ലാവരുടേയും കൈയില്‍ വോട്ടര്‍ സ്ലിപ്പുണ്ട്.കുട്ടികളെ നിയന്ത്രിക്കാന്‍ പോലീസുകാരുമുണ്ട്.
ക്യൂവിലെ ആദ്യത്തെ വോട്ടര്‍ അകത്തു കടന്നു.കൈയിലെ സ്ലിപ്പ് ഒന്നാമത്തെ പോളിങ്ങ് ഓഫീസറെ ഏല്‍പ്പിച്ചു.പോളിങ്ങ് ഓഫീസര്‍ സ്ലിപ്പിലെ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ഒത്തുനോക്കി വോട്ടറുടെ പേര് ഉറക്കെ വായിച്ചു.വോട്ടര്‍പട്ടികയില്‍ വോട്ടറുടെ ഒപ്പ് വങ്ങിച്ചു.രണ്ടാമത്തെ പോളിങ്ങ് ഓഫീസര്‍ ചൂണ്ടുവിരലില്‍ മഷി പുരട്ടി.മൂന്നും നാലും പോളിങ്ങ് ഓഫീസര്‍മാര്‍ ബാലറ്റുപേപ്പര്‍ വിതരണം ചെയ്തു.ആറാം ക്ലാസിലും ഏഴാം ക്ലാസിലും ഒരു വോട്ടര്‍ക്ക് മൂന്നു ബാലറ്റു പേപ്പറുകളുണ്ട്.സ്ക്കൂള്‍ ലീഡര്‍,ക്ലാസ് ലീഡര്‍,പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി എന്നിങ്ങനെയാണിത്.പാര്‍ലമെന്റിലേക്ക് അഞ്ചില്‍ കൂടുതല്‍ പേര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചാലാണ് തെരഞ്ഞെടുപ്പ് നടക്കുക.മറ്റു ക്ലാസുകളില്‍ അഞ്ചുപേര്‍ വീതമേയുള്ളു.അതുകൊണ്ട് ഈ ക്ലാസുകളില്‍ പാര്‍ലമെന്റിലേക്കുള്ള ബാലറ്റുപേപ്പര്‍ ഇല്ല.

 

അഞ്ചാമത്തെ പോളിങ്ങ് ഓഫീസര്‍ നല്‍കിയ മഷി പുരട്ടിയ സീലുമായി വോട്ടര്‍ മുറിയുടെ ഒരു മൂലയില്‍ സജ്ജീകരിച്ച വോട്ടിങ്ങ് കമ്പാര്‍ട്ടുമെന്റിലേക്കു നടന്നു.ഒരു നിമിഷം ആലോചിച്ചു.ചിഹ്നത്തിനു നേരെ ശ്രദ്ധാപൂര്‍വ്വം സീലു പതിപ്പിച്ചു.പോളിങ്ങ് ഓഫീസര്‍മാര്‍ അടയാളപ്പെടുത്തി നല്‍കിയ അതേ വരിയിലൂടെ മടക്കി ബാലറ്റുപെട്ടിയില്‍ നിക്ഷേപിച്ചു.
പുറത്തുവന്നപ്പോള്‍ ഞാനനവനോട് സ്വകാര്യമായി ചോദിച്ചു.
"ആര്‍ക്കാണ് വോട്ടുചെയ്തത്?”
അവന്‍ മറുപടി പറഞ്ഞില്ല.ഒന്നു ചിരിക്കുകമാത്രം ചെയ്തു.
"പോട്ടെ.നീ ഒരു കുട്ടിക്ക് വോട്ടുചെയ്തുവല്ലോ.എന്തുകൊണ്ടാണ് നീ ആ കുട്ടിക്ക് തന്നെ വോട്ടുചെയ്തത്?”
"അവള്‍ക്ക് അഹങ്കാരമില്ല.മറ്റയാള്‍ അങ്ങനെയല്ല.കുറച്ചു കുട്ടികളോടെ മിണ്ടൂ.” 
കുട്ടികള്‍ വോട്ടുചെയ്യാന്‍ സ്വീകരിച്ച മാനദണ്ഡമെന്താണെന്നറിയാന്‍ എനിക്ക് കൗതുകമായി.
പലകുട്ടികളോടും ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.


"അവന്‍ എല്ലാവരോടും സ്നേഹത്തോടെ പെരുമാറും.”
"കഴിഞ്ഞതവണ ക്ലാസ് ലീഡറായപ്പോള്‍ അവള്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.”
"ഭക്ഷണം കഴിച്ച സ്ഥലം അവള്‍ വൃത്തിയാക്കില്ല.അതുകൊണ്ടാണ് അവള്‍ക്ക് വോട്ടുകൊടുക്കാത്തത്.”
"അവന്‍ എന്തു സഹായം വേണമെങ്കിലും ചെയ്തുതരും..”
"ഉച്ചഭക്ഷണം നന്നാക്കാന്‍ ശ്രമിക്കും എന്നവന്‍ പറഞ്ഞിട്ടുണ്ട്.”
രസകരമായിരുന്നു കുട്ടികളുടെ പ്രതികരണങ്ങള്‍.

 

അതിനിടയില്‍ ബൂത്ത് നമ്പര്‍ ഏഴില്‍ നിന്നും ഒരു കള്ളവോട്ട് പിടികൂടി എന്ന വാര്‍ത്ത പരന്നു.അന്വേഷിച്ചപ്പോള്‍ കള്ളവോട്ട് പിടിക്കുമോ എന്നറിയാന്‍ ഒരു ടീച്ചര്‍ തന്നെ ഒപ്പിച്ച വേലയായിരുന്നു അത്.

ഉച്ചയ്ക്ക് ഒരു മണിയോടെ വോട്ടെടുപ്പ് കഴിഞ്ഞു.
മൈക്കിലൂടെ അറിയിപ്പ് വന്നു.
"പോളിങ്ങ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്.പോളിങ്ങ് കഴിഞ്ഞാല്‍ ഉടന്‍തന്നെ പോളിങ്ങ് സാമഗ്രികള്‍ കൗണ്ടറില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണ്.”

ഓരോ ബൂത്തില്‍നിന്നും ഉദ്യോഗസ്ഥര്‍ പോലീസ് അകമ്പടിയോടെ ഹാളിലേക്കു നടന്നു.ഹാളിലെ കൗണ്ടര്‍ സജീവമായി.തിരിച്ചേല്‍പ്പിച്ച വസ്തുക്കള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച് അവര്‍ക്ക് റസീറ്റ് നല്‍കി.റസീറ്റ് കൈപ്പറ്റിയതിനുശേഷം ഉദ്യോഗസ്ഥര്‍ ഉച്ചഭക്ഷണം കഴിക്കാനായി പിരിഞ്ഞുപോയി.
ബാലറ്റുപെട്ടികള്‍ പോലീസുകാരുടെ സംരക്ഷണയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു മാറ്റി.മുറിക്കു മുന്നില്‍ രണ്ടു പോലീസുകാര്‍ കാവല്‍നിന്നു.

 
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രണ്ടാം ഘട്ടം ഗംഭീരമായിരുന്നു.കോരിച്ചൊരിയുന്ന മഴ അവരുടെ ആവേശം കെടുത്തിയില്ല.തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മഴ മാറി നില്‍ക്കുന്ന ഇടവേളകളില്‍ അവര്‍ തെരുവ് നാടകം കളിച്ചു.ക്ലാസുകളില്‍ കയറി പ്രസംഗിച്ചു.ഓരോ കുട്ടിയെക്കണ്ടും വോട്ട് അഭ്യര്‍ത്ഥിച്ചു.സോഷ്യല്‍ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടി സംഘടിപ്പിച്ചു.സ്ക്കൂള്‍ ലീഡര്‍ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പ്രകടനപത്രിക പരിപാടിയില്‍ അവതരിപ്പിച്ചു.തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ താന്‍ സ്ക്കൂളിനുവേണ്ടി എന്തൊക്കെചെയ്യും എന്നത് അവര്‍ പ്രസംഗത്തില്‍ അക്കമിട്ട് നിരത്തി.വോട്ടര്‍മാരുടെ നിശിതമായ ചോദ്യമുനകള്‍ക്കുമുന്നില്‍ ചിലപ്പോള്‍ അവര്‍ പതറി.മറുപടി തൃപ്തികരമല്ലാത്തപ്പോള്‍ വോട്ടര്‍മാര്‍ വീണ്ടും ചോദ്യങ്ങളുമായി എഴുന്നേറ്റു.

മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടി ഓരോ ക്ലാസിലും സംഘടിപ്പിച്ചു.ക്ലാസ് ലീഡര്‍ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ നയ പരിപാടികള്‍ അവിടെ അവതരിപ്പിച്ചു.ക്ലാസ് തലത്തില്‍ നല്ല ചര്‍ച്ച നടന്നു.ഒരു ക്ലാസ് എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാട് ഉരുത്തിരിഞ്ഞുവരാന്‍ ഈ ചര്‍ച്ചകള്‍ സഹായിച്ചു.

ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു.വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് സ്ഥാനാര്‍ത്ഥികള്‍ക്കും പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കും മാത്രമായിരുന്നു പ്രവേശനം.
ഫലമറിയാന്‍ കുട്ടികള്‍ തൊട്ടപ്പുറത്തെ ഹാളില്‍ തടിച്ചുകൂടിയിരുന്നു.
ഒന്നാം ബൂത്തിലെ ഫലമെണ്ണിക്കഴിഞ്ഞപ്പോള്‍ സ്ക്കൂള്‍ ലീഡര്‍ സ്ഥാനാര്‍ത്ഥിയായ അനുശ്രീമോഹന്‍ ശ്രീരാഗ് സുരേഷിനേക്കാള്‍ അഞ്ചുവോട്ടിന്റെ ഭൂരിപക്ഷത്തിനു ലീഡുചെയ്യുന്നു.
കാര്‍ത്തിക ലീഡുനില കുട്ടികളെ അറിയിച്ചുകൊണ്ടിരുന്നു. ഒപ്പം ഓരോ ക്ലാസിലേയും സ്ഥാനാര്‍ത്ഥികളുടെ വിജയവും.ഹാളില്‍ ആര്‍പ്പുവിളിയുയര്‍ന്നു.
അഞ്ചാം ബൂത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ ലീഡുനില മാറിമറിഞ്ഞു.നേരിയ ഭൂരിപക്ഷത്തിന് ശ്രീരാഗ് മുന്നിലായി.ഹാളില്‍ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു.

 
ഒടുവില്‍ ശ്രീരാഗ് എട്ടുവോട്ടിന്റെ ഭൂരിക്ഷത്തിനു വിജയിച്ചു.ശ്രീരാഗിനെ ഹാരമണിയിച്ച് തോളിലേറ്റിക്കൊണ്ടായിരുന്നു കുട്ടികള്‍ ഹാളില്‍ നിന്നു പുറത്തുകടന്നത്.പിന്നീട് സ്ക്കൂളിനെ വലംവെച്ചുകൊണ്ടുള്ള കുട്ടികളുടെ ഗംഭീരമായ ആഹ്ളാദപ്രകടനം.വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ശ്രീരാഗന്റെ പ്രസംഗം.
പിന്നീട് നടന്ന ചടങ്ങില്‍ ഓരോ കുട്ടിക്കും കിട്ടിയ വോട്ടുകളുടെ എണ്ണം മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ പ്രഖ്യാപിച്ചു.ഇങ്ങനെ ചെയ്യുന്നത് കുട്ടികളെ ആത്മവിമര്‍ശനത്തിലേക്ക് നയിക്കും.തനിക്ക് വോട്ടുകുറയാനുള്ള കാരണം അവന്‍ കണ്ടെത്തിയേക്കും.തന്റെ പെരുമാറ്റത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നവന്‍ ആലോചിച്ചേക്കും.

 
അവസാനമായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടലും (ഓരോ ക്ലാസിലേയും)അവരുടെ സത്യപ്രതിജ്ഞയും നടന്നു.സ്ക്കൂള്‍ ലീഡര്‍ക്ക് ഹെഡ്മാസ്റ്റര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.സ്ക്കൂള്‍ ലീഡര്‍ ക്ലാസ് ലീഡര്‍മാര്‍ക്കും.പാര്‍ലമെന്റ് അംഗങ്ങള്‍ ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനത്തിലാണ് സത്യപ്രതിജ്ഞചെയ്ത്
സ്ഥാനമേല്‍ക്കുക.
സ്ക്കൂള്‍ തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ചുമതലയും വഹിച്ചത് സോഷ്യല്‍ ക്ലബ്ബിന്റെ പതിമൂന്നംഗ കമ്മറ്റിയായിരുന്നു.കണ്‍വീനര്‍ അതുല്‍ ചന്ദ്രനും ജോ.കണ്‍വീനര്‍ സ്വതിയുമായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.


 
തെരഞ്ഞെടുപ്പ് എന്ന ഈ പാഠപുസ്തകത്തിന് ഒരു പ്രത്യകതയുണ്ട്.ഇത് കേവലമായ പാഠങ്ങളല്ല.അനുഭവ പാഠങ്ങളാണ്.ഇതിലെ ഓരോ അധ്യായവും അനുഭവിച്ചുകൊണ്ടാണ് കുട്ടികള്‍ പഠിക്കുന്നത്.ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവമായിരിക്കും അവര്‍ക്കിത്.തെരഞ്ഞെടുപ്പ് എന്നു കേട്ടാല്‍ ഇനി അവര്‍ക്ക് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല.അതിന്റെ പ്രാധാന്യം കൂടുതല്‍ തെളിച്ചത്തോടെ ഇനി അവര്‍ തിരിച്ചറിയും.ഇതിലൂടെ എന്തൊക്കെ കഴിവുകളാണ് അവര്‍ നേടിയത് എന്നു ചോദിച്ചാല്‍ കുഴങ്ങും.ഒന്നുമാത്രം പറയാം.പൂര്‍ണ്ണ വ്യക്തിത്വങ്ങളായി വളരാന്‍,നല്ലതും മോശവും തിരിച്ചറിയാന്‍,നല്ല മനുഷ്യരാകാന്‍ ഇതവരെ സഹായിക്കും. തീര്‍ച്ച!

1 comment:

  1. അഭിനന്ദനങ്ങള്‍
    ------------ ഹിന്ദി ബ്ലോഗ്
    http://rashtrabhashablog.blogspot.in/

    ReplyDelete